Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
2 Chronicles 13
13 / 36
1
യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബീയാവു യെഹൂദയിൽ രാജാവായി.
2
അവൻ മൂന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു മീഖായാ എന്നു പേർ; അവൾ ഗിബെയക്കാരനായ ഊരീയേലിന്റെ മകൾ. അബീയാവിന്നും യൊരോബെയാമിന്നും തമ്മിൽ യുദ്ധം ഉണ്ടായി.
3
അബീയാവു നാലു ലക്ഷം ശ്രേഷ്ഠയുദ്ധവീരന്മാരുള്ളോരു സൈന്യത്തെ അണിനിരത്തി; യൊരോബെയാം അവന്റെ നേരെ എട്ടുലക്ഷം ശ്രേഷ്ഠയുദ്ധവീരന്മാരെ അണിനിരത്തി.
4
എന്നാൽ അബീയാവു എഫ്രയീംമലനാട്ടിലെ സെമരായീംമലമുകളിൽ നിന്നുംകൊണ്ടു പറഞ്ഞതു: യൊരോബെയാമും എല്ലായിസ്രായേലും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ.
5
യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താൽ ദാവീദിന്നു, അവന്നും അവന്റെ പുത്രന്മാൎക്കും തന്നേ, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതല്ലയോ?
6
എന്നാൽ ദാവീദിന്റെ മകനായ ശലോമോന്റെ ദാസനും നെബാത്തിന്റെ മകനുമായ യൊരോബെയാം എഴുന്നേറ്റു തന്റെ യജമാനനോടു മത്സരിച്ചു.
7
നീചന്മാരായ നിസ്സാരന്മാർ അവന്റെ അടുക്കൽ വന്നുകൂടി, ശലോമോന്റെ മകനായ രെഹബെയാമിനോടു ദാൎഷ്ട്യം കാണിച്ചു; രെഹബെയാമോ യൌവനക്കാരനും മനോബലമില്ലാത്തവനുമായിരുന്നതിനാൽ അവരോടു എതിൎത്തുനില്പാൻ അവന്നു കഴിഞ്ഞില്ല.
8
നിങ്ങൾ ഇപ്പോൾ ദാവീദിന്റെ പുത്രന്മാരുടെ കൈവശമുള്ള യഹോവയുടെ രാജത്വത്തോടു എതിൎത്തുനില്പാൻ വിചാരിക്കുന്നു; നിങ്ങൾ വലിയോരു സമൂഹം തന്നേ; യൊരോബെയാം നിങ്ങൾക്കു ദൈവമായിട്ടു ഉണ്ടാക്കിയ പൊൻകാളക്കുട്ടികളും നിങ്ങളോടുകൂടെ ഉണ്ടല്ലോ.
9
നിങ്ങൾ അഹരോന്റെ പുത്രന്മാരായ യഹോവയുടെ പുരോഹിതന്മാരെയും ലേവ്യരെയും തള്ളിക്കളഞ്ഞു അന്യദേശങ്ങളിലെ ജാതികളുടെ മൎയ്യാദപ്രകാരം നിങ്ങൾക്കു പുരോഹിതന്മാരെ ആക്കീട്ടില്ലയോ? ഒരു കാളക്കുട്ടിയോടും ഏഴു ആട്ടുകൊറ്റന്മാരോടും കൂടെ കരപൂരണത്തിന്നു വന്ന ഏവനും ദൈവമല്ലാത്തവെക്കു പുരോഹിതനായ്തീരുന്നു.
10
ഞങ്ങളുടെ ദൈവമോ യഹോവയാകുന്നു; അവനെ ഞങ്ങൾ ഉപേക്ഷിച്ചിട്ടില്ല: യഹോവെക്കു ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരായിട്ടു അഹരോന്റെ പുത്രന്മാർ ഞങ്ങൾക്കുണ്ടു; ലേവ്യരും തങ്ങളുടെ വേല നോക്കിവരുന്നു.
11
അവർ ദിനംപ്രതി രാവിലെയും വൈകുന്നേരവും യഹോവെക്കു ഹോമയാഗങ്ങളും പരിമളധൂപവും അൎപ്പിക്കുന്നു; കാഴ്ചയപ്പം വിശുദ്ധമേശമേൽ അടുക്കുന്നു; പൊൻനിലവിളക്കും അതിന്റെ ദീപങ്ങളും വൈകുന്നേരംതോറും കത്തിക്കുന്നു; ഇങ്ങനെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ പ്രമാണിക്കുന്നു; നിങ്ങളോ അവനെ ഉപേക്ഷിച്ചിരിക്കുന്നു.
12
ഇതാ, ഞങ്ങളോടുകൂടെ ഞങ്ങളുടെ തലവനായി ദൈവവും നിങ്ങളുടെ നേരെ ധ്വനിപ്പിക്കേണ്ടതിന്നു മഹാധ്വനികാഹളങ്ങളോടുകൂടെ അവന്റെ പുരോഹിതന്മാരും ഉണ്ടു; യിസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിങ്ങൾ യുദ്ധം ചെയ്യരുതു; നിങ്ങൾ കൃതാൎത്ഥരാകയില്ല;
13
എന്നാൽ യൊരോബെയാം അവരുടെ പുറകിൽ വളഞ്ഞുചെല്ലുവാൻ പതിയിരിപ്പുകാരെ അയച്ചു; അങ്ങനെ അവർ യെഹൂദ്യരുടെ മുമ്പിലും പതിയിരിപ്പുകാർ പുറകിലും ആയി.
14
യെഹൂദ്യർ തിരിഞ്ഞുനോക്കിയപ്പോൾ പട മുമ്പിലും പുറകിലും കണ്ടു, യഹോവയോടു നിലവിളിച്ചു പുരോഹിതന്മാർ കാഹളം ഊതി, യെഹൂദാപുരുഷന്മാർ ആൎത്തുവിളിച്ചു.
15
യെഹൂദാപുരുഷന്മാർ ആൎത്തുവിളിച്ചപ്പോൾ ദൈവം യൊരോബെയാമിനെയും എല്ലായിസ്രായേലിനെയും അബീയാവിനോടും യെഹൂദ്യരോടും തോല്ക്കുമാറാക്കി.
16
യിസ്രായേല്യർ യെഹൂദ്യരുടെ മുമ്പിൽനിന്നു ഓടി, ദൈവം അവരെ അവരുടെ കയ്യിൽ ഏല്പിച്ചു;
17
അബീയാവും അവന്റെ ജനവും അവരെ കഠിനമായി തോല്പിച്ചു; യിസ്രായേലിൽ അഞ്ചുലക്ഷം ശ്രേഷ്ഠയോദ്ധാക്കൾ ഹതന്മാരായി വീണു.
18
ഇങ്ങനെ യിസ്രായേല്യൎക്കു ആ കാലത്തു താഴ്ച വന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ടു ജയംപ്രാപിച്ചു.
19
അബീയാവു യൊരോബെയാമിനെ പിന്തുടൎന്നുചെന്നു അവന്റെ പട്ടണങ്ങളെ പിടിച്ചു; ബേഥേലും അതിനോടു ചേൎന്ന ഗ്രാമങ്ങളും യെശാനയും അതിനോടു ചേൎന്ന ഗ്രാമങ്ങളും എഫ്രോനും അതിനോടു ചേൎന്ന ഗ്രാമങ്ങളും തന്നേ.
20
യൊരോബെയാം അബീയാവിന്റെ കാലത്തു ബലം പ്രാപിച്ചില്ല; യഹോവ അവനെ ബാധിച്ചു,
21
അവൻ മരിച്ചുപോയി. എന്നാൽ അബീയാവു ബലവാനായ്തീൎന്നു; അവൻ പതിന്നാലു ഭാൎയ്യമാരെ വിവാഹം കഴിച്ചു ഇരുപത്തിരണ്ടു പുത്രന്മാരെയും പതിനാറു പുത്രിമാരെയും ജനിപ്പിച്ചു.
22
അബീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ നടപ്പും വാക്കുകളും ഇദ്ദോപ്രവാചകന്റെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books